വിജ്ഞാന വിപ്ലവത്തിന് കരുത്തേകി മാറംപള്ളി എം.ഇ.എസ്; ഓട്ടോണോമസ് പദവി പ്രഖ്യാപിച്ചു

പെരുമ്പാവൂർ: കാലത്തിനൊപ്പം സഞ്ചരിക്കാത്ത ഉന്നതവിദ്യാഭ്യാസം അർത്ഥശൂന്യമാണെന്നും, ശാസ്ത്ര സാങ്കേതിക മേഖലകളിലെ നൂതന പ്രവണതകൾ അതിവേഗം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് ഇന്നത്തെ പ്രധാന വെല്ലുവിളിയെന്നും മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ സി. ടി. അരവിന്ദകുമാർ. എം. ഇ. എസ് കോളേജ് മാറംപള്ളിക്ക് ലഭിച്ച സ്വയംഭരണ (ഓട്ടോണോമസ്) പദവിയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോണോമസ് കോളേജുകളുടെ പ്രവർത്തനം ഈ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കലാ, കായിക, അക്കാദമിക മേഖലകളിൽ ഇതിനകം തന്നെ മുദ്രപതിപ്പിച്ച മാറംപള്ളി എം.ഇ.എസ് കോളേജ്, പുത്തൻ പദവിയുടെ കരുത്തിൽ മികവിന്റെ ആഗോള കേന്ദ്രമായി മാറട്ടെയെന്ന് വി.സി ആശംസിച്ചു. കേവലം മുപ്പത് വർഷത്തെ ഹ്രസ്വമായ കാലയളവിനുള്ളിൽ ഈ നേട്ടം കൈവരിച്ചത് കോളേജിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രശസ്ത സിനിമ സംവിധായകനും കോളേജ് ഗവേണിങ് കൗൺസിൽ ചെയർമാനുമായ കമൽ, എം.ഇ.എസിന്റെ വിദ്യാഭ്യാസപരമായ ഇടപെടലുകളെ പ്രകീർത്തിച്ചു. കേരളത്തിൽ ഉന്നതവിദ്യാഭ്യാസം ശൈശവദിശയിലായിരുന്ന കാലത്ത്, സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഗ്രാമങ്ങളിൽ എം. ഇ. എസ് സ്ഥാപിച്ച കലാലയങ്ങൾ ഇന്ന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലത്തിനുള്ളിൽ സ്വയംഭരണ പദവി നേടിയ മാറംപള്ളി കോളേജിനെ അദ്ദേഹം പ്രത്യേകം അനുമോദിച്ചു.

കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ടി. എം. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എം. ഇ. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. കുഞ്ഞു മൊയ്‌ദീൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി എം. എം. അഷ്‌റഫ്‌, ട്രഷറര്‍ ഡോ. റഹീം ഫസൽ, എം. ഇ. എസ്. എറണാകുളം ജില്ലാ പ്രസിഡന്റ്‌ ലിയാകത്ത് അലിഖാൻ, സെക്രട്ടറി എം. ഐ. അബ്ദുൽ ഷെരീഫ്, കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ മൻസൂർ അലി. പി. പി, കോളേജ് മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ബി. എച്ച്. നിസാർ എന്നിവർ സംസാരിച്ചു. എം. ഇ. എസിന്റെ സംസ്ഥാന, ജില്ലാ നേതാക്കൾ സന്നിഹിതരായിരുന്നു. വിജ്ഞാനത്തിന്റെ പുതിയ ചക്രവാളങ്ങൾ തേടിയുള്ള മാറംപള്ളി എം.ഇ.എസ് കോളേജിന്റെ പ്രയാണത്തിന് ഈ ഓട്ടോണോമസ് പദവി പുതിയ ഊർജ്ജം പകരുമെന്ന് ഉറപ്പാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top