നവീകരണം പൂര്‍ത്തിയായിട്ട് 15 വര്‍ഷം; എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ, നിയമ നടപടിക്കൊരുങ്ങി കര്‍മ്മസമിതി

പെരുമ്പാവൂര്‍: നവീകരണം പൂര്‍ത്തിയായി 15 വര്‍ഷം കഴിഞ്ഞിട്ടും പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എംസി റോഡിന്റെ ഓടകള്‍ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു.   ഓടകളുടെ ഈ ദുസ്ഥിതി കാല്‍നട യാത്രക്കാര്‍ക്കും റോഡ് ഗതാഗതത്തിനും അപകടഭീഷണയായി  തുടരുകയാണ്. പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു വകുപ്പ് അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് കര്‍മ്മസമിതി ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി. ഹൈവേ ആരംഭിക്കുന്ന അങ്കമാലി മുതല്‍ മൂവാറ്റുപുഴ വരെ നിരവധി ഇടങ്ങളില്‍ 50 മീറ്റര്‍ മുതല്‍ 200 മീറ്ററോളം അകലത്തില്‍ ഓടകളില്‍ സ്ലാബ് സ്ഥാപിച്ചിട്ടില്ല. പതിവായ അറ്റകുറ്റപ്പണികളുടെ അഭാവത്തില്‍ റോഡിന്റെ വശങ്ങളില്‍നിന്ന് കാടുവളര്‍ന്ന് ഓടകള്‍മൂടി റോഡ് വരെ എത്തിനില്‍ക്കുന്നു. അങ്കമാലിക്കു സമീപമുളള നായത്തോട് ജംഗ്ഷന്‍, ചേലാമറ്റം, വല്ലം, കാഞ്ഞിരക്കാട്, വട്ടക്കാട്ടുപടി, മലമുറി, നങ്ങേലിപ്പടി, പുല്ലുവഴി, തായ്ക്കരച്ചിറ, കീഴില്ലം ഹൈലവല്‍ കനാല്‍ മുതല്‍ മണ്ണൂര്‍വരെ, തൃക്കളത്തൂര്‍, വാഴപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ എംസി റോഡിന്റെ ഇരുവശവും വ്യാപകമായി ഓടകള്‍ മൂടിയിട്ടില്ല.


വട്ടക്കാട്ടുപടി,  തായ്ക്കരച്ചിറ,  പരത്തുവയലിപ്പടി, കീഴില്ലം, തൃക്കളത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മണ്ണ് നിറഞ്ഞും സ്ലാബുകള്‍ തകര്‍ന്നും ഓടകള്‍ ബ്ലോക്ക് ആയ അവസ്ഥയിലാണ്. തുറന്നുകിടക്കുന്ന ഓടകള്‍ മാലിന്യ നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നത്  വലിയ സാമൂഹ്യ ശല്യമായി മാറിയിട്ടുണ്ട്.  ഓടകളില്‍  സെപ്റ്റിക് മാലിന്യം ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ തള്ളുന്നതായ സംഭവങ്ങള്‍ ഇതിനോടകം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണ്. 2002-ല്‍ കെഎസ്ടിപി (കേരള സ്റ്റേറ്റ്  ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട് ) തുടക്കം കുറിച്ച ആദ്യഘട്ട പദ്ധതിയിലുള്‍പ്പെടുത്തിയാണ് അങ്കമാലി മുതല്‍ മുവാറ്റുപുഴവരെയുള്ള എംസി റോഡിന്റെ നവീകരണം 2010 ല്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ പൊതുമരാമത്തുവകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ഒന്നര പതിറ്റാണ്ടിനു ശേഷവും ഓടകള്‍ തുറന്നു കിടക്കുവാന്‍  കാരണമെന്ന് കര്‍മ്മസമിതി കുറ്റപ്പെടുത്തി.അങ്കമാലി മുതല്‍ കോടിമത (കോട്ടയം) വരെയുള്ള എംസി റോഡിന്റെ പരിപാലനച്ചുമതല ഒപിബിആര്‍സി  (ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോര്‍മന്‍സ് ബെയ്‌സ്ഡ് റോഡ് കോണ്‍ട്രാക്ട് ) പ്രകാരമുള്ള കരാര്‍ സ്ഥാപനമാണ് നടത്തിവന്നതെങ്കിലും ഇപ്പോള്‍ അതൊഴിവാക്കി പൊതുമരാമത്ത് മെയിന്റനസ് വിഭാഗമാണ് നിര്‍വഹിക്കുന്നത്. എംസി റോഡില്‍ അപകടങ്ങള്‍ പെരുകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്  റോഡ് പരിപാലനത്തിലെ വീഴ്ചകളാണ്. പൊതുസമൂഹം ഉയര്‍ത്തുന്ന പരാതികള്‍ അധികൃതര്‍ അവഗണിക്കുകയാണെന്ന് കര്‍മ്മസമിതി ചെയര്‍മാന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എംസി റോഡില്‍ കാലടി മുതല്‍ മൂവാറ്റുപുഴ വരെ 1502 അപകടങ്ങളില്‍ 178 പേരാണ് മരണമടഞ്ഞത്.

എംസി റോഡില്‍ പുല്ലുവഴി പികെവി ജംഗ്ഷനും കോയിക്കത്തോട് ജംഗ്ഷനും ഇടയില്‍ കാട് മൂടിക്കിടക്കുന്ന സ്ലാബ് സ്ഥാപിക്കാത്ത ഓട.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Comment

Your email address will not be published. Required fields are marked *

wpChatIcon
    wpChatIcon
    Scroll to Top