പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നാരായണൻ നായർ വോട്ട് ചോദിക്കുമ്പോൾ വലിയ വാഗ്ദാനങ്ങളോ വാക്കുകളോ പറയുന്നില്ല. ‘സ്ഥാനാർത്ഥിയാണ്, ജസ്റ്റ് 90’ എന്ന് മാത്രം. യുവത്വത്തിന്റെ ചോരത്തിളപ്പ് കാണിക്കാൻ യുവാക്കൾ കളത്തിലിറങ്ങുമ്പോൾ, വാർധക്യത്തിന്റെ ചുറുചുറുക്ക് തെളിയിക്കാനാണ് 90 വയസ്സുള്ള നാരായണൻ നായർ ഒരുങ്ങുന്നത്.
“എല്ലാവരും എന്നെ വയസൻ എന്നാണ് വിളിക്കുന്നത്. ഈ പ്രായത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മഹാഅപരാധം എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം” എന്ന് നാരായണൻ നായർ പറയുന്നു. “ഇത് എന്റെ വാർഡാണ്. ഇവിടുത്തെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടുകയും അത് തീർക്കുകയും വേണമെന്നാണ് ഞാൻ കരുതുന്നത്. വയസായവർ വീട്ടിൽ ഒതുങ്ങി കൂടേണ്ടവരാണെന്ന ചിന്തയും മാറണം” എന്ന് നാരായണൻ നായർ കൂട്ടിച്ചേർക്കുന്നു.
ജില്ലാ ഹെൽത്ത് ഓഫീസറായി വിരമിച്ച ആളാണ് നാരായണൻ നായർ. പൊതുജനാരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളോളം സേവനം അനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ ജനങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുങ്ങുകയാണ്. കെറ്റിൽ ചിഹ്നത്തിലാണ് നാരായണൻ നായർ ജനവിധി തേടുന്നത്. പ്രചാരണത്തിനായി ഫ്ലക്സോ പോസ്റ്ററോ അടിച്ച് പരിസ്ഥിതി മലിനീകരണത്തിന് മുതിർന്നിട്ടില്ലെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. യുവാക്കളോട് കിടപിടിക്കാൻ 90കാരൻ സ്ഥാനാർത്ഥിയായി ഇറങ്ങുന്നത് തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രചോദനാത്മകമായ കഥകളിലൊന്നായി മാറിയിരിക്കുകയാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











