പെരുമ്പാവൂർ: രാഷ്‌ട്രീയക്കളത്തിൽ കരുനീക്കങ്ങൾ വേഗത്തിലാക്കി പെരുമ്പാവൂരിൽ എൽഡിഎഫിന്റെ സർപ്രൈസ് എൻട്രി. കോൺഗ്രസ് കോട്ടകളിൽ വിള്ളൽ വീഴ്ത്തിയ കരുത്തുറ്റ സംഘാടകൻ ബേസിൽ പോളിനെ കളത്തിലിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുറച്ച് ഇടതുമുന്നണി. കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായാണ് ബേസിൽ പോൾ ജനവിധി തേടുന്നത്.

ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ച് കോൺഗ്രസ് പാളയത്തിൽ നിന്നും ചെങ്കൊടിത്തണലിലേക്ക് ബേസിൽ എത്തുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് ഒരു തീപാറും പോരാട്ടത്തിനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പോരാടി വളർന്ന പാരമ്പര്യവും, പഞ്ചായത്ത്-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ ഭരണമികവും ബേസിലിന് മുതൽക്കൂട്ടാകും. ഐരാപുരം ശ്രീശങ്കരാ വിദ്യാപീഠം കോളേജ് യൂണിയൻ ചെയർമാൻ മുതൽ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെ നീളുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫ് എതിരാളികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷത്തിന്റെ കണക്കുകൾ തിരുത്തിയെഴുതാൻ ബേസിലിന്റെ ജനസ്വാധീനത്തിന് കഴിയുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. കോൺഗ്രസിന്റെ ജില്ലയിലെ തന്നെ കരുത്തനായ നേതാവ് കളം മാറ്റി ചവിട്ടിയത് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പടയൊരുക്കം പൂർത്തിയാക്കി ബേസിൽ പോൾ എത്തുമ്പോൾ പെരുമ്പാവൂർ ആർക്കൊപ്പം നിൽക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് വോട്ടർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here