വെങ്ങോല : വെങ്ങോല പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചെന്ന് തൂപ്‌ളി എന്ന് പറഞ്ഞാൽ ബാക്കി ജനങ്ങൾ പറയും. ഒരു പ്രദേശത്തെ വികസനത്തിന്റെ പാരമ്യതയിലേക്കെത്തിച്ച തൂപ്ളി സുബൈർ എന്ന രാഷ്‌ട്രീയ മാജിക്കുകാരൻ്റെ കഥ. വർഷങ്ങളോളം പ്രവർത്തിച്ച പാർട്ടി വിട്ട് കഴിഞ്ഞ വട്ടം ഇടതു സ്വതന്ത്രനായി രണ്ടാം വാർഡിൽ മത്‌സരിച്ച് വിജയിച്ച തൂപ്ളി സുബൈർ കഴിഞ്ഞ അഞ്ച് വർഷം ഒരു എം എൽ എ നടത്തേണ്ട വികസനമാതൃകകളാണ് ഇവിടെ നടത്തിയത്. കേരളത്തിൽ ഒരു പക്ഷെ, ഇത്രയധികം വികസനങ്ങൾ നടത്തിയ ഒരു വാർഡ് മെമ്പറെ കാണാനാവില്ല. ഇത്തവണ വെങ്ങോല പഞ്ചായത്തില നാലാം വാർഡിൽ ‘തൂപ്ളി മാജിക്കു’മായി മത്‌സരരംഗത്തുണ്ട് നാട്ടുകാരുടെ സ്വന്തം “തൂപ്ളി സുബൈർക്കാ”.
ബാല്യകാലം മുതൽ തണ്ടേക്കാടും പുളിയാമ്പിളിയും ആഞ്ഞിക്കാമറ്റവും പോഞ്ഞാശ്ശേരിയും ജമാഅത്ത് ഹയർ സെക്കണ്ടറി സ്‌കൂളുമൊക്കെ കളിമുറ്റവും പഠനഗൃഹവുമൊക്കെയായിരുന്ന സുബൈർ എന്ന ജനകീയ നേതാവിന് വികസനങ്ങളെ കുറിച്ച് പറയുമ്പോൾ നൂറു നാക്കാണ്. വികസനം പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹമില്ലാത്തവർ രാഷ്‌ട്രീയ നേതൃത്വത്തിലേക്ക് വരരുതെന്ന ആശയക്കാരൻ ഇത്തവണ വോട്ടർമാർക്ക് മുന്നിൽ വെറും വാഗ്‌ദാനങ്ങളല്ല മറിച്ച് ചെയ്‌ത് കാണിച്ച വികസനങ്ങളാണ് നിരത്തുന്നത്.
തെരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയപ്പോൾ ആദ്യം നൽകിയ വാഗ്ദാനം നാട്ടിൽ വീടില്ലാത്ത, ഭൂമിയില്ലാത്ത ആളുകൾക്ക് സർക്കാരിന്റെ ലൈഫ് മിഷനുമായി ചേർന്ന് വീടൊരുക്കാനുള്ള അവസരം ഒരുക്കി കൊടുക്കും എന്നതായിരുന്നു. ജാതിമത രാഷ്‌ട്രീയ ഭേദമന്യേ എട്ട് കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കാനായി പത്തൊൻപത് ലക്ഷം രൂപയോളം കഴിഞ്ഞ അഞ്ചുവർഷ കാലയളവിൽ നൽകാൻ സാധിച്ചു. ഇത്തവണ മത്‌സരിക്കുന്ന നാലാം വാർഡിൽ തന്നെയാണ് അതിൽ ഒരു കുടുംബം സ്ഥലം കണ്ടെത്തി വീടൊരുക്കുന്നത്.
വിവാഹ ആവശ്യങ്ങൾക്കും ആശുപത്രി ചികിത്സാ ചിലവുകൾക്കും വീടൊരുക്കുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കച്ചവട ആവശ്യങ്ങൾക്കും മറ്റുമായി നാട്ടിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടി ഒരുക്കിയ പലിശ രഹിത വായ്പാ പദ്ധതി ഏറെ ജനകീയമാണ്. വാർഡിലെ ജനങ്ങളുടെ ഉളളറിഞ്ഞുളള ഈ പ്രവർത്തനത്തിന് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.ഒരു ബാങ്കിംഗ് പ്രക്രിയയിലേക്ക് മാറ്റാൻ കഴിയാത്തിട്ട് പോലും രഹസ്യ സ്വഭാവത്തോടെ ആളുകളിലേക്ക് പദ്ധതി എത്തിക്കുകയായിരുന്നു. അൻപത് ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്.
കഴിഞ്ഞ പ്രാവശ്യം നാടിന് നൽകിയ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ഒരു സാംസ്‌കാരിക കേന്ദ്രം.ഡയാലിസിസ് സെന്ററും ഫിസിയോതെറാപ്പി യൂണിറ്റും പാലിയേറ്റിവ് കെയർ സെന്ററും യുവതി യുവാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരു ലൈബ്രറിയും ക്ലബും അടങ്ങിയ
തൻ്റെ ഒരു സ്വപ്‌ന പദ്ധതിക്കായി വെട്ടിക്കാട്ടുകുന്ന് ചൊന്നാനമുക്കിൽ പത്തുസെന്റ് സ്ഥലത്ത് മൂന്ന് നിലയിൽ 6500 ചതുരശ്ര അടിയിലുളള ഒരു സാംസ്‌കാരിക കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രയം തൂപ്ലി മുഹമ്മദ് ഖദീജ സ്മാരക സാംസ്‌കാരിക കേന്ദ്രം എന്ന ആ സ്വപ്ന പദ്ധതിക്ക് ഇക്കഴിഞ്ഞ ജൂലൈ-13ന് ശിലാസ്ഥാപനം നടത്തിയത് തദ്ദേശ സ്വയം ഭരണ,എക്സൈസ് വകുപ്പ് മന്ത്രിയായ എം.ബി രാജേഷാണ്. ഒരു വാർഡ് മെമ്പർക്ക് ഇങ്ങനെയുളള വികസനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ഏറെ അദ്‌ഭുതത്തോടെയും അഭിമാനത്തോടെയുമാണ് മന്ത്രി അന്ന് ജനങ്ങളോട് സംസാരിച്ചത്.
നാടിന്റെ കാർഷികമേഖലയെ സംരക്ഷിക്കാനായി എട്ട് ലക്ഷം രൂപയോളം ചിലവഴിച്ച് തരിശുഭൂമിയായി കിടന്ന പാടശേഖരങ്ങൾ കൃഷി യോഗ്യമാക്കി പുതിയ ചുവടു വെയ്‌പാണ് തൂപ്ളി സുബൈർ എന്ന ജനകീയൻ നടത്തിയത്. പാപ്പനാക്കൽ, മുക്കൂറ്റിനട പാടശേഖരങ്ങളിൽ നാട്ടിലെ മുതിർന്നവരുടെ മേൽനോട്ടത്തിൽ യുവാക്കളുടെ പങ്കാളിത്തത്തിൽ നടത്തിയ കൊയ്ത്തുത്സവങ്ങളും വിളവെടുപ്പുമെല്ലാം ആ നാടിനെ ആഘോഷത്തിമിർപ്പിലാക്കുക മാത്രമല്ല പുതിയൊരു കാർഷിക വിപ്ളവത്തിൻ്റെ അലയൊലികൾക്കും വഴി വെച്ചു.
കൂടാതെ ഓർഗാനിക് പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുകയും ശേഷം അതിന്റെ നടത്തിപ്പും ഗുണഫലവും കുടുംബശ്രീക്ക് നൽകുകയും ചെയ്തതും എടുത്ത് പറയേണ്ട മാതൃകയാണ്.
വെട്ടിക്കാട്ടുക്കുന്ന് അങ്കണവാടിയുടെ മുകളിൽ ഏഴ് ലക്ഷം രൂപയോളം ചിലവഴിച്ച് കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർക്കായി ഒരു വിശ്രമകേന്ദ്രവും കോൺഫറൻസ് ഹാളും നിർമ്മിച്ചു നൽകിയതാണ് മറ്റൊരു പ്രധാന വികസന നേട്ടം.
ഒരു പഞ്ചായത്തിലെ സാധാരണ മെമ്പർ ചെയ്യുന്ന പ്രവർത്തനങ്ങൾക്കുപരിയായാണ് സുബൈർ എന്ന പൊതുപ്രവർത്തകൻ പ്രവർത്തിച്ചത്. ഏതൊരു മെമ്പർക്കും നാടിനായി പലതും ചെയ്യാനുണ്ടെന്ന ഒാർമ്മപ്പെടുത്തലുകളും ഈ വികസനോൻമുഖ പ്രവർത്തനങ്ങളിലൂടെ വരച്ചു കാണിക്കുകയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് തൂപ്ളി എന്ന ചുരുക്കപ്പേരിന് ജനമനസുകളിൽ സ്ഥാനം നേടാനായത്. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും “ഞങ്ങൾക്ക് ഈ മെമ്പർ തന്നെ മതിയെന്ന്’ പരസ്യമായി ഇവിടത്തുകാർ പറയുന്നത്. ഇത്തവണ തൊട്ടടുത്ത നാലാം വാർഡിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങുമ്പോൾ രണ്ടാം വാർഡിലെ ആ പഴയ വോട്ടർമാരും തൂപ്ളി സുബൈർ എന്ന സ്ഥാനാർത്ഥിക്കൊപ്പം പ്രചരണപരിപാടികളിൽ പങ്കാളികളാകുന്നുണ്ട്. ഒരു നാടിന് താൻ നൽകിയ വികസനങ്ങൾക്ക് തിരിച്ചൊരു സ്‌നേഹം… അതുതന്നെയാണ് തൂപ്ളി എന്ന സുബൈറിൻ്റെ വിജയമന്ത്രവും മാജിക്കും…..











