പെരുമ്പാവൂർ: മാറമ്പിള്ളി കുന്നുവഴിയിൽ വൻ തോതിൽ കഞ്ചാവ് കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ 32 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. ബംഗാൾ സ്വദേശികളായ മിൻഹാജ് (47), ടുട്ടുൾ ഷെയ്ക്ക് (36), മാസും ഷേക്ക് (36) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് പ്രതികളെ വലയിലാക്കിയത്.

പശ്ചിമ ബംഗാളിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച കഞ്ചാവ് പെരുമ്പാവൂരിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം. റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോറിക്ഷയിൽ യാത്രക്കാരായി പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് മാറമ്പിള്ളിയിൽ വെച്ച് പോലീസ് സംഘം ഇവരെ തടഞ്ഞത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൽ പരിശോധന നടത്തിയപ്പോഴാണ് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്.
പെരുമ്പാവൂർ മേഖലയിലേക്ക് ലഹരിമരുന്നുകൾ വൻതോതിൽ എത്തുന്നതായി പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടിയിലായ പ്രതികൾ മുൻപും ഇത്തരത്തിൽ ലഹരിമരുന്ന് കടത്തിയിട്ടുണ്ടോ എന്നും ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ഏജന്റുമാരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.











