പെരുമ്പാവൂർ: കടുത്ത വേനലിൽ ജനങ്ങൾ കുടിനീരിനായി വലയുമ്പോൾ പെരുമ്പാവൂർ നഗരമധ്യത്തിൽ പൈപ്പ് പൊട്ടി ദിവസവും ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലം പാഴാകുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് മുൻവശം യൂണിയൻ ബാങ്കിനോട് ചേർന്നാണ് ഒരാഴ്ചയായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്.
ദിവസവും രാവിലെ 6 മണി മുതൽ 11 മണി വരെ പമ്പിങ് നടക്കുമ്പോഴാണ് റോഡിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുന്നത്. ഇത്രയേറെ ശുദ്ധജലം പാഴായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാൻ തയ്യാറാകാത്തതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. നഗരമധ്യത്തിലെ പ്രധാന റോഡിൽ ദിവസങ്ങളായി തുടരുന്ന ഈ കുടിവെള്ള പാഴാകലിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.











