പെരുമ്പാവൂർ: കേരളം 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുമ്പോൾ എറണാകുളം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കാൻ പോകുന്ന മണ്ഡലങ്ങളിലൊന്നായി പെരുമ്പാവൂർ മാറുകയാണ്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ഹാട്രിക് വിജയലക്ഷ്യവും, മണ്ഡലം തിരിച്ചുപിടിക്കാൻ സിപിഎം നടത്തുന്ന കരുനീക്കങ്ങളും, നിർണ്ണായക ശക്തിയായി മാറുന്ന ട്വന്റി-20യും പെരുമ്പാവൂരിനെ രാഷ്ട്രീയ പരീക്ഷണശാലയാക്കി മാറ്റുന്നു.

കഴിഞ്ഞ ഒരു ദശകമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലം ഇക്കുറി എന്തുവിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് ഇടതുമുന്നണി. എന്നാൽ സീറ്റ് വിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങൾ മുന്നണിയിൽ പുകയുകയാണ്. സാജുപോളിലൂടെ വർഷങ്ങളോളം കയ്യിലൊതുക്കിയ പെരുമ്പാവൂർ പിന്നീടങ്ങോട്ട്‌ ഇടതുമുന്നണിയുടെ മുഷ്‌ഠിപ്പിടിയിലേക്ക്‌ ഇതുവരെ എത്തിയിട്ടില്ല. പാർട്ടിക്കകത്തെ പടലപ്പിണക്കങ്ങൾ അവസാനിപ്പിച്ച്‌ മികച്ച സ്ഥാനാർത്ഥിയെ മത്‌സരിപ്പിച്ചാൽ വിജയം ഉറപ്പാണ്‌.

2021-ൽ ജോസ് കെ. മാണി വിഭാഗം മുന്നണിയിലെത്തിയപ്പോൾ അവർക്ക് എൽഡി എഫ്‌ നൽകിയ സീറ്റായിരുന്നു പെരുമ്പാവൂർ. അന്ന് നാട്ടുകാരനായ മാണി കോൺഗ്രസിലെ ബാബു ജോസഫ് 2,899 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിൽ സിപിഎമ്മിനെതിരെ ബാബു ജോസഫ് വോട്ടുചോർച്ചാ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെത്തുടർന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ ചില പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തിരുന്നു. തുടർന്ന്‌ പാർട്ടിയിൽ തിരിച്ചെത്തിയ ഇവർ ഇപ്പോൾ ബാബു ജോസഫിൻ്റെ വിജയസാധ്യതയെ ചോദ്യം ചെയ്യുന്നത്‌ മുന്നണിയെ പ്രതിസന്ധിയിലാക്കുകയാണ്‌. ബാബു ജോസഫിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയാൽ വിജയിക്കില്ലെന്നും, സിപിഎം ഔദ്യോഗിക ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി വന്നാൽ മാത്രമേ മണ്ഡലം തിരിച്ചുപിടിക്കാനാകൂ എന്നും ജില്ലാ നേതൃത്വം സംസ്ഥാന സമിതിയെ അറിയിച്ചിട്ടുണ്ട്.

ജില്ലയിൽ പുതുമുഖങ്ങൾക്ക്‌ നിയമസഭയിലേക്ക്‌ അവസരം നൽകാൻ തീരുമാനിച്ചതിനെത്തുടർന്ന്‌ കൊച്ചി മുൻ മേയർ എം. അനിൽകുമാറിന്റെ പേരാണ് സിപിഎം വൃത്തങ്ങളിൽ സജീവമായി ഉയരുന്നത്. കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അനിൽകുമാർ വിട്ടുനിന്നത് നിയമസഭയിലേക്ക് മത്സരിക്കാനാണെന്ന സൂചനകൾ ഇതോടെ ശക്തമായിരിക്കുകയാണ്. അനിൽകുമാറിനെപ്പോലെയുള്ള ഒരു ‘ഹെവി വെയ്റ്റ്’ സ്ഥാനാർത്ഥി വന്നാൽ അത് യുഡിഎഫിന് കടുത്ത വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല. എന്നാൽ യാക്കോബായ സഭ സ്ഥാനാർത്ഥികളെ നിർണ്ണ‌യിക്കുന്നതിലും വിജയിപ്പിക്കുന്നതിലും നിർണ്ണ‌ായക പങ്ക്‌ വഹിക്കുന്ന പെരുമ്പാവൂരിൽ ഒരു സർപ്രൈസ്‌ സ്ഥാനാർത്ഥിയെ മറുകണ്ടം ചാടിച്ച്‌ മത്സരിപ്പിക്കാനുളള ചർച്ചകളും അണിയറയിൽ നടക്കുന്നുണ്ട്‌.

പാർട്ടി സീറ്റ്‌ നൽകിയാൽ യു ഡി എഫിൽ നിന്ന്‌ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് ഇത് മൂന്നാം അങ്കമാകും. എന്നാൽ അദ്ദേഹത്തിന്റെവിജയ പാത അത്ര സുഗമമാകില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ എംഎൽഎയുടെ ഓഫീസ് കെട്ടിടം ഉടമ തിരിച്ചാവശ്യപ്പെട്ടത് യുഡിഎഫിനുള്ളിലെ ഗ്രൂപ്പ് തർക്കത്തിന്റെ ഫലമാണ്‌. നഗരസഭാ അധ്യക്ഷ പദവിയെച്ചൊല്ലിയുള്ള തർക്കം എംഎൽഎയുടെ പ്രതിച്ഛായയെ പ്രാദേശിക തലത്തിൽ ബാധിച്ചിട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങളും കേസുകളും എതിരാളികൾ വലിയ രീതിയിൽ ആയുധമാക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസിനുള്ളിൽ ഒരു ‘ബദൽ സ്ഥാനാർത്ഥി’യെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും എൽദോസിന്റെ ജനസ്വാധീനം തള്ളിക്കളയാൻ കെപിസിസിക്ക് കഴിയില്ല. മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ്‌ മനോജ്‌ മൂത്തേടൻ ഉൾപ്പെടെയുളള പുതുമുഖ നേതാക്കളെയും സ്ഥാനാർത്ഥി നിർണ്ണ‌യത്തിൽ പാർട്ടിക്കകത്ത്‌ ചർച്ചയുണ്ടെങ്കിലും ചാലക്കുടി എംപിയായ ബെന്നി ബെഹനാൻ എം എൽ എ ആകാനുളള കുപ്പായം തയ്യാറാക്കിയാൽ അതിന്‌ തന്നെയാകും മുൻഗണന. നാട്ടുകാരൻ, സഭാ വിശ്വാസി, സീനിയർ നേതാവ്‌ ഉൾപ്പെടെയുളള അനുകൂല ഘടകങ്ങളും ബെന്നി ബെഹനാനുണ്ട്‌.

കുന്നത്തുനാടിന് പിന്നാലെ പെരുമ്പാവൂരിലും വേരുകളാഴ്ത്താൻ ശ്രമിക്കുന്ന ട്വന്റി-20 ‘എക്സ് ഫാക്ടർ’ ആണ് ഇവിടെ. 2021-ൽ നേടിയ 20,000-ൽ അധികം വോട്ടുകൾ ഇക്കുറി വർദ്ധിപ്പിച്ചാൽ മുഖ്യധാര മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തെ നിർണ്ണ‌യിക്കാൻ ഈ വോട്ടുകൾക്കാകും.

പെരിയാർവാലി കനാൽ ചോർച്ചയും കൃഷിനാശവും വോട്ടർമാരുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പെരുമ്പാവൂരിലെ ഏറ്റവും വലിയ സാമുദായിക-സാമൂഹിക വിഷയമായ ‘അതിഥി തൊഴിലാളികളുടെ’ ക്രമസമാധാന പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകും.
എംസി റോഡിലെയും ടൗണിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എംഎൽഎയ്ക്ക് സാധിച്ചിട്ടില്ലെന്ന ആരോപണം എൽഡിഎഫ് ഉയർത്തുമെന്നുറപ്പാണ്‌. ബൈപാസിൻ്റെ നിർമ്മാണച്ചിത്രങ്ങളും വാർത്തകളും കാട്ടിയാകും യുഡി എഫിൻ്റെ പ്രതിരോധം. പല പഞ്ചായത്തുകളിലെ ചെറുതും എന്നാൽ ജനോപകാര പ്രദമായതുമായ റോഡുകൾ നന്നാക്കുന്നതിൽ നിലവിലെ എം എൽ എ അനാസ്ഥ കാട്ടിയതായി ആരോപണമുണ്ട്‌. കോൺഗ്രസിലെ ഗ്രൂപ്പ്‌ പോരിന്‌ ശമനമില്ലാത്ത പെരുമ്പാവൂരിൽ കോൺഗ്രസ്‌ ഒറ്റക്കെട്ടായി നിന്നാൽ വിജയം ലഭിക്കുമെങ്കിലും പല കണക്കുകളും തീർക്കാനുളള വേദിയായി തെരഞ്ഞെടുപ്പ്‌ മാറുമെന്നുറപ്പാണ്‌.

ഇരുമുന്നണികളും പെരുമ്പാവൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ നിർണ്ണ‌യിക്കുന്നതിനുളള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്‌. മത്‌സരിക്കാൻ താത്‌പര്യമുളളവരുടെ നീണ്ട നിര തന്നെ പെരുമ്പാവൂരിൽ ഉണ്ടെങ്കിലും വിജയസാധ്യത എന്ന ഘടകമാണ്‌ പാർട്ടി നേതൃത്വം കണക്കിലെടുക്കുക എന്നതിൽ സംശയമില്ല.

പെരുമ്പാവൂർ നിയമസഭാ മണ്ഡലം എന്നും പ്രവചനാതീതമായ വോട്ടിംഗ് രീതികൾക്ക് പേരുകേട്ടതാണ്. കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ഓരോ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതത്തിൽ വരുന്ന നേരിയ മാറ്റങ്ങൾ പോലും അന്തിമഫലത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കാം.

വർഷം – വിജയി (മുന്നണി) – ഭൂരിപക്ഷം – രണ്ടാം സ്ഥാനം – പ്രധാന മാറ്റം
2021 – എൽദോസ് കുന്നപ്പള്ളി (UDF)- 2,899 ബാബു ജോസഫ് (LDF)- ട്വന്റി-20യുടെ കടന്നുവരവ്
2016 – എൽദോസ് കുന്നപ്പള്ളി (UDF) – 7,088 സാജു പോൾ (LDF) – യുഡിഎഫിന്റെ അട്ടിമറി വിജയം
2011 – സാജു പോൾ (LDF) 3,382 – ജെയ്‌സൺ ജോസഫ് (UDF) – എൽഡിഎഫ് കോട്ട നിലനിർത്തി

രണ്ടുതവണ എംഎൽഎ ആയിരുന്ന സാജു പോളിനെ അട്ടിമറിച്ചാണ് 2016 ൽ എൽദോസ് കുന്നപ്പള്ളി മണ്ഡലം പിടിച്ചെടുത്തത്. അന്ന് എൽഡിഎഫിന്റെ വോട്ടുവിഹിതം 47.4 ശതമാനത്തിൽ നിന്ന് 39.5 ശതമാനമായി കുറഞ്ഞപ്പോൾ ബിജെപി 13.6% വോട്ടുകൾ നേടി നിർണ്ണായക സാന്നിധ്യമായി. 2021-ലെ തിരഞ്ഞെടുപ്പിൽ എൽദോസ് കുന്നപ്പള്ളി വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം 7,088-ൽ നിന്ന് 2,899-ലേക്ക് കുത്തനെ കുറഞ്ഞു.

യു ഡി എഫ്‌ (37.1%): കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ വലിയൊരു ഭാഗം ട്വന്റി-20 കൊണ്ടുപോയി. ചില അനുകൂല പഞ്ചായത്തുകളിലും വോട്ടു ചോർച്ച ഉണ്ടായിരുന്നു. എൽ ഡി എഫ്‌ (35.1%): കേരള കോൺഗ്രസ് എമ്മിലെ ബാബു ജോസഫ് മത്സരിച്ചപ്പോൾ സിപിഎമ്മിന്റെ വോട്ടുവിഹിതത്തിലും 4.1% ഇടിവുണ്ടായി. ഇത് എൽഡിഎഫിനുള്ളിലെ പ്രാദേശിക തർക്കങ്ങളുടെ പ്രതിഫലനമായാണ് വിലയിരുത്തപ്പെടുന്നത്.ട്വൻ്റി20 (14.2%): ആദ്യമായി മത്സരരംഗത്തിറങ്ങിയ ട്വന്റി-20 20,536 വോട്ടുകൾ നേടി മൂന്നാം aസ്ഥാനത്തെത്തിയത് ഇരുമുന്നണികളെയും ഞെട്ടിച്ചു.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട 4% വോട്ടുവിഹിതം തിരിച്ചുപിടിക്കണമെങ്കിൽ സിപിഎം നേരിട്ട് ചിഹ്നവുമായി ഇറങ്ങേണ്ടി വരും. ബാബു ജോസഫിന്റെ വോട്ട് ശതമാനം (35.1%) സിപിഎമ്മിന്റെ 2011-ലെ വോട്ട് ശതമാനത്തേക്കാൾ (47.4%) വളരെ കുറവാണെന്നത് സീറ്റ് ഏറ്റെടുക്കാനുള്ള വാദത്തിന് ശക്തി നൽകുന്നു. എൽദോസ് കുന്നപ്പള്ളിയുടെ വോട്ട് ശതമാനം 2016-ലെ 44.1 ശതമാനത്തിൽ നിന്ന് 2021-ൽ 37.1 ശതമാനമായി കുറഞ്ഞു. 7% വോട്ടുകളുടെ ഈ ഇടിവ് പരിഹരിക്കാൻ പുതിയ തന്ത്രങ്ങൾ മെനയേണ്ടി വരും. എം. അനിൽകുമാറിനെപ്പോലെ ഒരു കരുത്തൻ എതിരാളിയായി വന്നാൽ ഈ വോട്ടുചോർച്ച തടയുക എന്നത് യുഡിഎഫിന് പ്രയാസകരമാകും. ട്വന്റി-20യുടെ സ്വാധീനം: ട്വന്റി-20 പിടിക്കുന്ന 20,000-ഓളം വോട്ടുകളിൽ പകുതിയെങ്കിലും തിരികെ കൊണ്ടുവരാൻ സാധിക്കുന്ന മുന്നണിക്കായിരിക്കും 2026-ൽ പെരുമ്പാവൂരിൽ വിജയിക്കാൻ സാധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here