പെരുമ്പാവൂർ: പതിറ്റാണ്ടുകളോളം പെരുമ്പാവൂരിന്റെ നെഞ്ചിലെ കനലായിരുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ഭൂമിയിൽ പുതിയൊരു വ്യവസായ യുഗം പിറക്കുമ്പോൾ, ആ നേട്ടത്തിന്റെ പതാക ആര് പാറിക്കുമെന്ന കാര്യത്തിൽ മണ്ഡലത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നു. ഇന്ന്‌ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്ന കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിന്റെയും കെയ്ൻസ് ടെക്നോളജീസിന്റെയും വരവോടെ പെരുമ്പാവൂരിന്റെ മുഖച്ഛായ മാറുമെന്നുറപ്പാണ്. എന്നാൽ, ഈ വമ്പൻ പദ്ധതിയുടെ യഥാർത്ഥ ശില്പി താനാണെന്ന് അവകാശപ്പെടുന്ന എൽദോസ് കുന്നപ്പള്ളി എം.എൽ.എയും, അത് സർക്കാരിന്റെ മാത്രം നേട്ടമാണെന്ന് ആഞ്ഞടിക്കുന്ന എൽ.ഡി.എഫും തമ്മിലുള്ള തർക്കം മണ്ഡലത്തിലെ വോട്ടർമാരെയും ഇരുത്തിച്ചിന്തിപ്പിക്കുകയാണ്.

റയോൺസ് ഭൂമിയിൽ 500 കോടി രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന് തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ഇലക്ട്രോണിക്സ് നിർമ്മാണ യൂണിറ്റ് യാഥാർത്ഥ്യമാകുന്നത് നിസ്സാരമായ ഒരു കാര്യല്ല. 2016 മുതൽ സഭയ്ക്കകത്തും പുറത്തും താൻ നടത്തിയ നിരന്തരമായ പോരാട്ടങ്ങളുടെ പരിസമാപ്തിയാണിതെന്നാണ് എൽദോസ് കുന്നപ്പള്ളി പറയുന്നത്. റയോൺസ് ഭൂമിയിലെ കുരുക്കുകൾ അഴിച്ചതും തൊഴിലാളികൾക്ക് 74 കോടി രൂപയുടെ ആനുകൂല്യങ്ങൾ വാങ്ങി നൽകിയതും തന്റെ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. ഇതിനായി അന്നത്തെ മന്ത്രിമാരായ എ.സി. മൊയ്തീൻ, ഇ.പി. ജയരാജൻ എന്നിവരുമായി നടത്തിയ ചർച്ചകളും അദ്ദേഹം തെളിവായി നിരത്തുന്നുണ്ട്. തന്നെ അഭിനന്ദിച്ച മുഹമ്മദ് റിയാസിന്റെ വാക്കുകൾ പോലും ഭരണപക്ഷത്തിന് തിരിച്ചടിയായി എം.എൽ.എ ഉപയോഗിക്കുന്നു.

എന്നാൽ, ഇതിനെ ‘എട്ടുകാലി മമ്മൂഞ്ഞ്’ തന്ത്രമെന്നാണ് എൽ.ഡി.എഫ് നേതൃത്വം വിശേഷിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും കാണിച്ച ഇച്ഛാശക്തിയാണ് നിക്ഷേപകരെ പെരുമ്പാവൂരിലെത്തിച്ചതെന്ന് അവർ ആരോപിക്കുന്നു. പദ്ധതിയിൽ ഒരു പങ്കുമില്ലാത്ത എം.എൽ.എ സ്വന്തം നിലയിൽ ക്ഷണക്കത്തടിച്ച് ക്രെഡിറ്റ് അടിച്ചുമാറ്റാൻ നോക്കുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് സി.പി.എം-സി.പി.ഐ നേതാക്കളുടെ പക്ഷം. 2001-ൽ യു.ഡി.എഫ് കാലത്ത് പൂട്ടിയ കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ എൽ.ഡി.എഫ് സർക്കാർ നടത്തിയ പരിശ്രമങ്ങളെ മറച്ചുവെക്കാൻ എം.എൽ.എയെ അനുവദിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു കഴിഞ്ഞു.

റയോൺസ് മാത്രമല്ല, പെരുമ്പാവൂർ ബൈപ്പാസും ഈ രാഷ്ട്രീയ യുദ്ധത്തിലെ പ്രധാന ആയുധമാണ്. പത്ത് വർഷമായിട്ടും ബൈപ്പാസ് പൂർത്തിയാക്കാത്ത എം.എൽ.എ സമ്പൂർണ്ണ പരാജയമാണെന്ന് ഇടതുമുന്നണി കുറ്റപ്പെടുത്തുമ്പോൾ, ഫണ്ട് തടസ്സപ്പെടുത്തി വികസനത്തെ തുരങ്കം വെച്ചത് പ്രാദേശിക സി.പി.എം നേതൃത്വമാണെന്ന് എൽദോസ് തിരിച്ചടിക്കുന്നു. മുൻ എം.എൽ.എ സാജു പോളിന്റെ കാലത്ത് നടക്കാത്ത കാര്യങ്ങൾ താൻ നിയമസഭയിൽ അവതരിപ്പിച്ചും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയും ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയുമാണ് നടപ്പിലാക്കിയതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

28 ഏക്കറിൽ ഉയരുന്ന കെയ്ൻസ് ടെക്നോളജീസിന്റെ യൂണിറ്റുകൾ പെരുമ്പാവൂരിനെ ഒരു ഹൈടെക് ഇൻഡസ്ട്രിയൽ ഹബ്ബാക്കി മാറ്റുമെന്നതിൽ സംശയമില്ല. ആദ്യഘട്ടത്തിൽ ലാപ്ടോപ്പുകളും സ്മാർട്ട് മീറ്ററുകളും നിർമ്മിച്ചു തുടങ്ങുന്നതോടെ മണ്ഡലത്തിലെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഊർജ്ജമാകും. പക്ഷേ, ഈ വികസനത്തിന്റെ ‘മൈലേജ്’ ആർക്ക് ലഭിക്കുമെന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബാലറ്റ് പെട്ടികൾ തീരുമാനിക്കും. വികസന നേട്ടങ്ങളും ആരോപണ പ്രത്യാരോപണങ്ങളും പെരുമ്പാവൂരിന്റെ തെരുവോരങ്ങളിൽ വരും ദിവസങ്ങളിൽ വലിയ വാഗ്വാദങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here