പെരുമ്പാവൂർ: വോട്ടർപട്ടികയിൽ പേരുണ്ടോ എന്ന തർക്കം മുറുകുന്നതിനിടെ പെരുമ്പാവൂരിലെ എൻഡിഎ സ്ഥാനാർത്ഥി ലക്ഷ്മിപ്രിയയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വോട്ടർപട്ടികയിൽ പേരില്ലെന്ന പ്രചാരണം എൻഡിഎ ക്യാമ്പിനെ പ്രതിരോധത്തിലാക്കി. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥാനാർത്ഥി എത്താതിരുന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്ന റോഡ് ഷോ എൻഡിഎ പ്രകടനത്തിൽ ഒതുക്കിയിരുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള നടപടികൾ പൂർത്തിയാക്കിയെന്ന് നേതാക്കൾ അവകാശപ്പെടുമ്പോഴും, അപേക്ഷ തള്ളുകയാണെങ്കിൽ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ട്വന്റി-20 പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി ഗോപകുമാർ വ്യക്തമാക്കിയത് മുന്നണിയിൽ വലിയ ചർച്ചയായിട്ടുണ്ട്.
അനിശ്ചിതത്വങ്ങൾക്കിടയിലും എൻഡിഎയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് താലൂക്ക് ആശുപത്രിക്ക് സമീപം കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം എ ബ്രഹ്മരാജ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര വൈസ് പ്രസിഡന്റ് വിഷ്ണുവർദ്ധൻ, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ട്വന്റി-20 മണ്ഡലം പ്രസിഡന്റ് വിജയകുമാർ, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി കെ ബസിത് കുമാർ, മണ്ഡലം പ്രസിഡന്റുമാരായ ലിഷ രാജേഷ്, രാഗേഷ് പി ആർ, ജില്ലാ വൈസ് പ്രസിഡന്റ് പി അനിൽകുമാർ, എൽ ജെ പി സ്റ്റേറ്റ് കൗൺസിൽ അംഗം ആർ അജിത്ത് കുമാർ, ജെ എസ് എസ് സ്റ്റേറ്റ് വർക്കിങ്ങ് പ്രസിഡന്റ് വർഗ്ഗീസ് ഇട്ടൻ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഉണ്ണികൃഷ്ണൻ, കാമരാജ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുചിത്രൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. ലക്ഷ്മിപ്രിയയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം വരുംദിവസങ്ങളിൽ വോട്ടർപട്ടികയിലെ തീരുമാനത്തിന് പിന്നാലെ ഉണ്ടാകുമെന്നാണ് സൂചന.











