പെരുമ്പാവൂർ: തിരക്കുപിടിച്ച പെരുമ്പാവൂർ പി.പി റോഡ് ജംഗ്ഷനിൽ, പൊടിപടലങ്ങൾക്കിടയിൽ ഇരുന്ന് മറ്റുള്ളവരുടെ ചെരുപ്പുകൾ തുന്നിക്കൂട്ടുന്ന ശിവന്റെ കൈകളിൽ അന്ന് വന്നുചേർന്നത് ഒരു വലിയ ഉത്തരവാദിത്തമായിരുന്നു. ക്രിസ്റ്റൽ സൂപ്പർ മാർക്കറ്റിന് എതിർവശം തന്റെ പതിവ് ജോലിയിൽ മുഴുകിയിരുന്ന ശിവന്, ഉപജീവനത്തിനുള്ള ചെറിയ വരുമാനത്തിനിടയിലാണ് വഴിയിൽ വീണുകിടന്ന ആ ബാഗ് ലഭിക്കുന്നത്. തുറന്നു നോക്കിയപ്പോൾ അതിൽ പതിനായിരം രൂപ! തന്റെ ജീവിതസാഹചര്യത്തിൽ വലിയൊരു തുകയാണതെങ്കിലും, അത് നഷ്ടപ്പെട്ടവന്റെ നെഞ്ചിടിപ്പ് ശിവൻ തിരിച്ചറിഞ്ഞു.

തന്റെ ദാരിദ്ര്യത്തേക്കാൾ വലുത് മറ്റൊരാളുടെ കണ്ണീരാണെന്ന ബോധ്യത്തിൽ, ആ പണമടങ്ങിയ ബാഗുമായി ശിവൻ നേരെ നടന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ രാജുവിന്റെ അടുത്തേക്കാണ്. ആ തുക പോലീസുകാരനെ ഏൽപ്പിക്കുമ്പോൾ ശിവന്റെ മുഖത്ത് തെളിഞ്ഞത് ആത്മസംതൃപ്തിയുടെ പ്രകാശമായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത അതിവേഗം പ്രചരിച്ചു. ഒടുവിൽ പള്ളിക്കവലയിൽ താമസിക്കുന്ന നബീസ ഉമ്മ ആ പോലീസുകാരനെ തേടിയെത്തി. നഷ്ടപ്പെട്ടു എന്ന് കരുതിയ തന്റെ സമ്പാദ്യം തിരികെ ലഭിച്ചപ്പോൾ ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പോലീസുകാരനിൽ നിന്നും ബാഗ് ഏറ്റുവാങ്ങുമ്പോൾ, അത് വഴിയിൽ നിന്നും കണ്ടെടുത്തു ഏൽപ്പിച്ച ആ തുന്നൽക്കാരനോടുള്ള നന്ദി വാക്കുകൾക്കും അപ്പുറമായിരുന്നു.

പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിൽ ഇപ്പോൾ നന്മയുടെ ഇത്തരം കഥകൾ പതിവാകുകയാണ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മൂന്നോളം പേരുടെ പണവും രേഖകളുമാണ് വഴിയിൽ നിന്നും കിട്ടി ട്രാഫിക് സ്റ്റേഷനിൽ എത്തിയത്. ട്രാഫിക് എസ്.എച്ച്.ഒ എസ്.ഐ കെ. രാജേന്ദ്രന്റെ ആത്മാർത്ഥമായ ഇടപെടലുകൾ മൂലം ഇവയെല്ലാം യഥാർത്ഥ ഉടമസ്ഥരിലേക്ക് തന്നെ എത്തിച്ചേരുന്നു. മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ഓരോ ദിവസവും പെരുമ്പാവൂരിലെ ഈ തെരുവുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here