പെരുമ്പാവൂർ: പെരുമ്പാവൂരിന്റെ വികസനരേഖകളിൽ കാലഹരണപ്പെട്ട പദ്ധതികളുടെ കരിനിഴലല്ല, ജനകീയവും പ്രായോഗികവുമായ പുത്തൻ പ്രതീക്ഷകളാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ജിബി പാത്തിക്കൽ. ദീർഘവീക്ഷണമില്ലാത്ത ഭരണകൂടങ്ങളുടെയും വ്യക്തിതാത്പര്യങ്ങളുടെയും തടവറയിലായ ബൈപ്പാസ് പദ്ധതിയല്ല, മറിച്ച് ട്രാഫിക് കുരുക്കിന്റെ നടുവൊടിക്കുന്ന റിംഗ് റോഡുകളാണ് പെരുമ്പാവൂരിന്റെ ശാപമോക്ഷമെന്നും മാധ്യമപ്രവർത്തകരുമായി സംവദിക്കവെ അദ്ദേഹം തുറന്നടിച്ചു. സ്വന്തം മണ്ണിന്റെ നാഡിമിടിപ്പറിയുന്ന തനിക്ക് മണ്ഡലത്തിന്റെ സമഗ്രപുരോഗതിക്കായി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നും ഇച്ഛാശക്തിയുള്ള ഒരു ജനപ്രതിനിധിയുടെ അഭാവമാണ് പെരുമ്പാവൂർ ഇന്നും നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് ഗോദയിൽ വിജയപ്രതീക്ഷയുടെ ആത്മവിശ്വാസം വരിഞ്ഞുമുറുക്കി സംസാരിച്ച ജിബി പാത്തിക്കൽ, ട്വന്റി 20 പാർട്ടിയുടെ കരുത്തും ബി.ജെ.പി.യുടെ പരമ്പരാഗത വോട്ടുകളും ഒപ്പം യാക്കോബായ സഭയുടെ അകമഴിഞ്ഞ പിന്തുണയും തനിക്ക് അനുകൂലമായ കാറ്റായി വീശുമെന്ന് അവകാശപ്പെട്ടു. അയ്യായിരം മുതൽ പതിനായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പെരുമ്പാവൂരിന്റെ മണ്ണിൽ വിജയക്കൊടി പാറിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ജയപരാജയങ്ങളുടെ കണക്കുപുസ്തകത്തിനപ്പുറം, എം.എൽ.എ. ആയി ചുമതലയേറ്റാൽ പെരുമ്പാവൂരിന്റെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ വ്യാവസായിക വിപ്ലവത്തിന് തിരികൊളുത്തുന്ന ഒരു ‘സർപ്രൈസ് പദ്ധതി’ നടപ്പിലാക്കുമെന്ന പ്രഖ്യാപനം കൗതുകമുണർത്തി. ഈ പദ്ധതിയുടെ വിശദാംശങ്ങൾ വിജയത്തിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും സ്ഥാനാർത്ഥി പറഞ്ഞു.
പെരുമ്പാവൂരിന്റെ സാമൂഹികാന്തരീക്ഷത്തിൽ നിർണ്ണായകമായ അന്യസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിലും കൃത്യമായ നിലപാട് സ്ഥാനാർത്ഥി വ്യക്തമാക്കി. നിയമപരമായ രേഖകളില്ലാതെ അതിക്രമിച്ചു കയറിയവരെ മടക്കി അയക്കുമെന്നും, എന്നാൽ അർഹരായവർക്ക് സുരക്ഷിതമായ തിരിച്ചറിയൽ സംവിധാനങ്ങളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പെരുമ്പാവൂരിന്റെ ഭൂപ്രകൃതിയെ ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ പുതിയ അവസരങ്ങളും വിനോദസഞ്ചാര പദ്ധതികളും തന്റെ വികസന അജണ്ടയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പഴകിത്തുരുമ്പിച്ച വികസന വാഗ്ദാനങ്ങളുടെ പുകമറ മാറ്റി, മാറ്റത്തിന്റെ പുതുപുലരിക്കായി കാത്തുനിൽക്കുന്ന പെരുമ്പാവൂരിന് തന്റെ കർമ്മപദ്ധതികൾ പുത്തൻ ഉണർവ്വേകുമെന്നാണ് ജിബി പാത്തിക്കലിന്റെ പക്ഷം. വ്യക്തിതാത്പര്യങ്ങൾക്കുവേണ്ടി നാടിന്റെ സ്വപ്നങ്ങളെ ബലികൊടുക്കുന്ന ശൈലിക്ക് വിരാമമിടണമെന്നും, രാഷ്ട്രീയ സമവാക്യങ്ങൾക്കപ്പുറം ജനമനസ്സുകളുടെ പിന്തുണയോടെ ഒരു നവപെരുമ്പാവൂർ കെട്ടിപ്പടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും ജിബി പറഞ്ഞു.
ബിജെപി എറണാകുളം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി വി.കെ ബസിത് കുമാർ, വൈസ് പ്രസിഡന്റ് പി.അനിൽകുമാർ,എൻഡിഎ കൺവീനർ അഗസ്റ്റിൻ കോലഞ്ചേരി, ട്വന്റി20 മണ്ഡലം പ്രസിഡന്റ് വിജയകുമാർ മോളത്ത്, ബിജെപി മണ്ഡലം പ്രസിഡന്റുമാരായ പിആർ രാകേഷ്, ലിഷ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.











