പെരുമ്പാവൂർ: അലക്കി വെളുപ്പിച്ച മുണ്ടിലും ഷർട്ടിലും നീലം മുക്കി വെയിലത്തിട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. റേഡിയോയിൽ അന്ന് മുഴങ്ങിക്കേട്ട “വെൺമയുടെ ഉറവിടം എസ് എൻ സൂപ്പർവൈറ്റ്” എന്ന പരസ്യവാചകം ഇന്നും പലരുടെയും കാതുകളിലുണ്ടാകും. ആ വെൺമയ്ക്ക് പിന്നിൽ പെരുമ്പാവൂരുകാരുടെ സ്വന്തം ‘ചന്ദ്രൻ ചേട്ടൻ’ എന്ന വിളിപ്പേരുള്ള ടി സി ചന്ദ്രൻ എന്ന ലളിതനായ മനുഷ്യന്റെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്.
ബീഡിത്തൊഴിലാളിയായി ജീവിതം തുടങ്ങിയ ചന്ദ്രൻ, ലിക്വിഡ് സൂപ്പർവൈറ്റ് എന്ന പുതുമയുമായാണ് വിപണിയിൽ വിപ്ലവം സൃഷ്ടിച്ചത്. 1987-ൽ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രിമാരായ കെ ആർ ഗൗരിയമ്മയും സുശീല ഗോപാലനും പങ്കെടുത്ത ചടങ്ങിലാണ് ഇതിന്റെ പരിഷ്കരിച്ച രൂപമായ ‘ബ്ലൂവിൻ’ പുറത്തിറങ്ങിയത്. ഇന്നത്തെ പെരുമ്പാവൂർ പ്രൈവറ്റ് ബസ്‌സ്റ്റാൻഡ് നിൽക്കുന്ന മണ്ണിലായിരുന്നു ആ ചരിത്ര നിമിഷം.
തദ്ദേശീയമായ ഒരു ഉൽപ്പന്നം കേരളമൊട്ടാകെ പടർന്നുപന്തലിച്ചെങ്കിലും 90-കളിലെ ആഗോളവൽക്കരണവും വൻകിട കമ്പനികളുടെ കടന്നുകയറ്റവും എസ് എൻ ഗ്രൂപ്പിന് തിരിച്ചടിയായി. ഉജാല പോലുള്ള വമ്പൻ ബ്രാൻഡുകളോട് മത്സരിക്കാൻ ആ തദ്ദേശീയ സംരംഭത്തിന് കടുപ്പമേറിയെങ്കിലും, ചന്ദ്രൻ ചേട്ടൻ എന്ന മനുഷ്യസ്നേഹി ഇന്നും പെരുമ്പാവൂരിന്റെ മനസ്സിലുണ്ട്.
1967-ൽ കണ്ണൂരിൽ നിന്ന് കോതമംഗലത്തും പിന്നീട് പെരുമ്പാവൂരിലുമെത്തിയ അദ്ദേഹം തികഞ്ഞ കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ്. “ഒന്നും കൊണ്ടുവന്നില്ല, ഒന്നും കൊണ്ടുപോകുന്നില്ല” എന്ന ലളിതമായ തത്വശാസ്ത്രവുമായി വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും ആ നിറഞ്ഞ ചിരിയുമായി അദ്ദേഹം നമുക്കിടയിലുണ്ട്. കൂവപ്പടി തൊടാപ്പറമ്പിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ സാമ്രാജ്യങ്ങൾ കാലത്തിന്റെ മാറ്റത്തിൽ മങ്ങിയിരിക്കാമെങ്കിലും, പെരുമ്പാവൂരിന്റെ വ്യവസായ ഭൂപടത്തിൽ ആ പേര് എന്നും തെളിഞ്ഞുനിൽക്കും.











