പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടഹധ്വനി മുഴങ്ങി ഒരാഴ്ച പിന്നിടുമ്പോൾ പെരുമ്പാവൂർ മണ്ഡലം അക്ഷരാർത്ഥത്തിൽ ഒരു രാഷ്ട്രീയ യുദ്ധക്കളമായി മാറിക്കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അനിശ്ചിതത്വങ്ങൾ അലിഞ്ഞില്ലാതായതോടെ, വോട്ടർമാരെ നേരിൽ കാണാനുള്ള നെട്ടോട്ടത്തിലാണ് മുന്നണി സ്ഥാനാർത്ഥികൾ. പ്രചരണ ഗോദയിൽ ആദ്യവെടി പൊട്ടിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേസിൽ പോൾ ബഹുദൂരം മുന്നിലെത്തിയപ്പോൾ, ഡൽഹി വരെയെത്തിയ ചർച്ചകൾക്കൊടുവിൽ കളത്തിലിറങ്ങിയ യു.ഡി.എഫും , വൈകിയെത്തിയ എൻ.ഡി.എയും പോരാട്ടം കടുപ്പിക്കുകയാണ്.
പ്രചരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കരുത്തുറ്റ സാന്നിധ്യമാകാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബേസിൽ പോളിന് സാധിച്ചിട്ടുണ്ട്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി മണ്ഡലത്തിലുടനീളം നടത്തിയ വമ്പിച്ച റോഡ് ഷോയിലൂടെയാണ് ബേസിൽ പോൾ തന്റെ വരവറിയിച്ചത്. പ്രമുഖ വ്യക്തികളെ നേരിൽ കണ്ടും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥിക്കുന്ന അദ്ദേഹം, മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തുന്നു. ബൂത്ത് തല കൺവെൻഷനുകൾക്ക് തുടക്കമിട്ടതോടെ താഴെത്തട്ടിൽ പാർട്ടിയുടെ സംഘടനാ സംവിധാനം സജീവമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമായ ബേസിൽ പോൾ, വോട്ടർമാരുടെ ഇടയിൽ ‘നമ്മളിലൊരാൾ’ എന്ന പ്രതിച്ഛായ വളർത്തിയെടുക്കുന്നതിൽ വിജയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മറുവശത്ത്, കോൺഗ്രസ് ഹൈക്കമാൻഡ് തലത്തിൽ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫോട്ടോ ഫിനിഷിംഗിലൂടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച യു.ഡി.എഫിന്റെ മനോജ് മൂത്തേടനും മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു. എൽ.ഡി.എഫ് ക്യാമ്പിനെ പ്രതിരോധിക്കാൻ അതേ നാണയത്തിലുള്ള പ്രചരണ തന്ത്രങ്ങളാണ് മനോജ് മൂത്തേടനും സംഘവും പയറ്റുന്നത്. സീറ്റ് ലഭിക്കാത്തതിൽ നിരാശയിലായിരുന്ന സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ ബന്ധപ്പെട്ട് പ്രചരണത്തിന് ഇറങ്ങണമെന്ന് മനോജ് മൂത്തേടൻ ആവശ്യപ്പെട്ടിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിയുടെ സാന്നിധ്യം മണ്ഡലത്തിലുണ്ടാകുമെന്നും കോൺഗ്രസ് ക്യാമ്പിൽ നിന്നും വിവരങ്ങളുണ്ട്.
സിനിമാതാരങ്ങളുടെ പോരാട്ടം പ്രതീക്ഷിച്ചിരുന്ന വോട്ടർമാർക്ക് മുന്നിലേക്ക് സർപ്രൈസ് സ്ഥാനാർത്ഥിയായെത്തിയ ജിബി പാത്തിയ്ക്കലും പ്രചരണ രംഗത്ത് ഒട്ടും പിന്നിലല്ല. എൻ.ഡി.എ സ്ഥാനാർത്ഥിയായി രംഗത്തെത്തിയ ജിബി, സമയം പരിമിതമായതിനാൽ ആദ്യഘട്ടത്തിൽ തന്നെ തീവ്ര പ്രചരണത്തിനാണ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് മുന്നണികളും തങ്ങളുടെ തുറുപ്പുചീട്ടുകൾ പുറത്തെടുക്കുമ്പോൾ, വരുംദിവസങ്ങളിൽ പെരുമ്പാവൂരിൽ തീപ്പാറുന്ന രാഷ്ട്രീയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.










