പെരുമ്പാവൂരിലെ തടി മില്ലുകളിൽ ഈർച്ചവാൾ മുനയേക്കാൾ മൂർച്ചയേറിയ ചോദ്യം ഇപ്പോൾ വായുവിൽ പറക്കുന്നുണ്ട്— “അല്ല, ഇത്തവണ ആരാണ് കുപ്പായം തുന്നുന്നത്?” തിരഞ്ഞെടുപ്പ് കമ്മിഷൻ വിസിൽ മുഴക്കാൻ റെഡിയായി നിൽക്കുമ്പോഴും പെരുമ്പാവൂർ മണ്ഡലത്തിലെ ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയം ഒരു കട്ടൻ ചായ കുടിക്കുന്ന ലാഘവത്തിൽ തീരുന്ന ലക്ഷണമില്ല. കസേര ഒന്നുമാത്രം, ഇരിക്കാൻ കൊതിക്കുന്നവരോ ഒരു ഡസനും!

യു.ഡി.എഫ് പാളയത്തിൽ ഇപ്പോൾ ‘ഒരു പാത്രം ചോറും നാല് തവികളും’ എന്ന അവസ്ഥയാണ്. സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയാണ് നിരയിലെ മുൻഗാമിയെങ്കിലും, പുള്ളിക്കാരന്റെ പേരിൽ കുറച്ചുനാളായി ചുറ്റിപ്പറ്റി നിൽക്കുന്ന സ്ത്രീപീഡന കേസ് ഒരു വല്ലാത്ത ‘വില്ലൻ’ റോളിലാണ്. “എന്റെ എം.എൽ.എ പവർഫുൾ ആണ്” എന്ന് പറയാൻ പ്രവർത്തകർക്ക് മോഹമുണ്ടെങ്കിലും, കേസുകളുടെ കെട്ടുകൾ എതിരാളികൾ ആയുധമാക്കുമോ എന്ന ഭയം നേതൃത്വത്തിനുണ്ട്. ഇതിനിടയിലാണ് പി.പി. തങ്കച്ചൻ എന്ന വന്മരത്തിന്റെ തണലില്ലാത്ത വിഷമം ഫേസ്ബുക്കിൽ എം.എൽ.എ വിളമ്പിയത്. അത് കേട്ടതും ബാക്കിയുള്ളവർ റെഡിയായി— “ആ തണലില്ലെങ്കിൽ പിന്നെ ഞങ്ങളാകാമല്ലോ!”

ജില്ലാ കോൺഗ്രസ് അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് അടുത്ത ‘ഹെവി വെയിറ്റ്’. കൊച്ചിയിൽ കൊടി നാട്ടാൻ നോക്കിയ ഷിയാസിന് അവിടെ ലത്തീൻ കത്തോലിക്കാ വിഭാഗത്തിന്റെ പച്ചക്കൊടി കിട്ടിയില്ല. അതോടെ “എങ്കിൽ പിന്നെ നമ്മുടെ പെരുമ്പാവൂർ പോരേ?” എന്ന നിലപാടിലാണ് അദ്ദേഹം. പക്ഷേ, പെരുമ്പാവൂരിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്കിടയിൽ ഷിയാസ് എങ്ങനെ ഇഴുകിച്ചേരും എന്നത് കണ്ടറിയണം.

ഇവർക്കിടയിലേക്കാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് മൂത്തേടനും ഉല്ലാസ് തോമസും ‘പ്രവർത്തന മികവ്’ എന്ന തുറുപ്പുചീട്ടുമായി വരുന്നത്. “ഞങ്ങൾ പെരുമ്പാവൂരിന്റെ മണ്ണറിഞ്ഞവരാണ്, മണ്ണിലെ പണിയറിയുന്നവരാണ്” എന്നാണ് മനോജിന്റെ വാദം. യാക്കോബായ സഭയുടെ അനുഗ്രഹം തന്റെ പോക്കറ്റിലുണ്ടെന്നും ഉറപ്പിച്ചു പറയുന്നു. സമുദായ സമവാക്യങ്ങൾ നോക്കിയാൽ മനോജിന് ചാൻസ് ഉണ്ടെങ്കിലും ‘ഐ’ ഗ്രൂപ്പും ‘എ’ ഗ്രൂപ്പും തമ്മിലുള്ള കപ്പിനും ചുണ്ടിനുമിടയിലെ ദൂരമാണ് വില്ലൻ. ഇതിനെല്ലാം പുറമെ, പണ്ട് തോറ്റു മടങ്ങിയെങ്കിലും ഇത്തവണ ‘ജയിക്കാൻ വേണ്ടി മാത്രം’ അഡ്വ. ജയ്‌സൺ ജോസഫും വെയ്റ്റിംഗിലാണ്. ചുരുക്കത്തിൽ, കോൺഗ്രസ് ഗ്രൂപ്പ് മാനേജർമാർക്ക് തലവേദന ടാബ്‌ലെറ്റ് കഴിക്കാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥ!

ഇപ്പുറത്ത് എൽ.ഡി.എഫിന്റെ കാര്യം അതിലും രസകരമാണ്. പെരുമ്പാവൂർ സീറ്റ് സി.പി.എം തിരിച്ചെടുക്കുമെന്നും പഴയ പടക്കുതിര സാജു പോളിനെ തന്നെ ഇറക്കുമെന്നും കരുതിയിരുന്നവർക്ക് തെറ്റി. കോതമംഗലത്തെ സീറ്റ് വിട്ടുകൊടുക്കാൻ സി.പി.എം തയ്യാറാകാത്തതുകൊണ്ട് പെരുമ്പാവൂർ വീണ്ടും കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന്റെ കൈയ്യിൽ തന്നെ ഭദ്രമായി ഇരുന്നു. അതോടെ സാജു പോളിന് ‘അങ്കമാലിക്ക്’ ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് കേൾക്കുന്നത്.

ഇനി പെരുമ്പാവൂരിൽ ആര് വരും? ജോസ് കെ. മാണി തന്നെ നേരിട്ട് ഇറങ്ങുമോ അതോ സർപ്രൈസ് പാക്കേജ് വരുമോ എന്നതായിരുന്നു ചോദ്യം. ഇവിടെയാണ് ‘ട്വിസ്റ്റ്’. കോൺഗ്രസിലെ സീറ്റ് വിഭജനത്തിൽ തൃപ്തി വരാത്ത ബേസിൽ പോൾ എന്ന ഡി.സി.സി നേതാവിനെ ചാക്കിലാക്കി ‘ഇടത് സ്വതന്ത്രനോ’ അല്ലെങ്കിൽ ‘മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിയോ’ ആക്കി ഇറക്കാൻ നീക്കം നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സീറ്റ് ലഭിക്കാത്തതിന്റെ നീറ്റൽ ബേസിലിന്റെ ഉള്ളിലുണ്ടെന്ന് സി.പി.എം ചാണക്യന്മാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

പെരുമ്പാവൂരിൽ ജയിക്കണമെങ്കിൽ പാർട്ടിയേക്കാൾ ഉപരി പള്ളിയും സമുദായവും കൂടെ നിൽക്കണം. യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ വോട്ടുകൾ എങ്ങോട്ട് മറിയുന്നുവോ അവിടെ വിജയം ഉറപ്പാണ്. മനോജ് മൂത്തേടൻ സഭാ വോട്ടുകളിൽ കണ്ണ് വെക്കുമ്പോൾ, കേരള കോൺഗ്രസ് മാണി വിഭാഗം വഴി അതേ വോട്ടുകൾ ചോർത്താനാണ് എൽ.ഡി.എഫ് പ്ലാൻ. ഇതിനിടയിൽ മുസ്ലിം വോട്ടുകളുടെ ഏകീകരണം ആർക്കൊപ്പം നിൽക്കും എന്നതും നിർണ്ണായകമാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ, വോട്ടർമാരെക്കാൾ കൂടുതൽ ടെൻഷൻ ഇത്തവണ സ്ഥാനാർത്ഥി കുപ്പായം തുന്നി വെച്ചിരിക്കുന്നവർക്കാണ്. “എന്റെ ഫോട്ടോ വെച്ച് ഫ്ലക്സ് പ്രിന്റ് ചെയ്യണോ അതോ മറ്റവന്റെ ഫോട്ടോ വെക്കണോ?” എന്ന് പ്രിന്റിംഗ് പ്രസ്സുകാർക്ക് പോലും അറിയില്ല. ഫോട്ടോ ഫിനിഷിംഗിലേക്ക് നീങ്ങുന്ന ഈ പോരാട്ടത്തിൽ ആര് വീഴും ആര് വാഴും എന്ന് പറയാൻ ഇന്ദ്രനും ചന്ദ്രനും സാധിക്കില്ല.

ഏതായാലും ഒരു കാര്യം ഉറപ്പാണ്. വരും ദിവസങ്ങളിൽ പെരുമ്പാവൂരിലെ തട്ടുകടകളിൽ രാഷ്ട്രീയം ആവി പറക്കും. ഉപ്പും മുളകും പോലെ ഗ്രൂപ്പ് വഴക്കുകളും സ്ഥാനാർത്ഥി മോഹങ്ങളും ഇഴചേർന്ന ഈ പെരുമ്പാവൂർ പൂരത്തിന് കൊടിയേറ്റം കഴിഞ്ഞ് കഴിഞ്ഞു. ഇനി കളി തുടങ്ങണം!

LEAVE A REPLY

Please enter your comment!
Please enter your name here