പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരെ കാണണമെങ്കിൽ കോരിച്ചൊരിയുന്ന മഴയത്ത് നിൽക്കേണ്ട അവസ്ഥ തുടരുന്നു. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും കുട്ടികളുമടക്കം ചീട്ട് എടുക്കുന്നതിന് മഴയത്ത് തണുത്തുവിറച്ച് കുടയുമായി ക്യൂ നിൽക്കുന്ന ദയനീയ കാഴ്ചയാണ് ഇവിടെ. ഈ ദുരിതത്തിന് എന്ന് അവസാനമുണ്ടാകുമെന്ന് പറയാൻ അധികൃതർക്ക് കഴിയുന്നില്ല. എന്നാൽ ചില തീരുമാനങ്ങൾ എടുത്താൽ പ്രശ്നപരിഹാരമാകുമെന്നാണ് രോഗികളും നാട്ടുകാരും പറയുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അതൊന്നും തുറന്നുനൽകാതെ ആശുപത്രി അധികൃതരും സർക്കാരും ആശുപത്രിയിൽ എത്തുന്നവരെ ബുദ്ധിമുട്ടിക്കുകയാണ്. പ്രശ്നപരിഹാരത്തിന് ഇതുവരെയും ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.ലക്ഷങ്ങൾ ചെലവഴിച്ച് പണികഴിപ്പിച്ചിട്ടുള്ള കാഷ്വാലിറ്റി ഒ.പി ബ്ലോക്കിൽ എല്ലാവിധ സൗകര്യങ്ങളുണ്ടായിട്ടും ജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതാണ് ഈ ദുരിതത്തിന് കാരണം. പുതിയ ഒ.പി ബ്ളോക്കിന്റെ നി‌ർമ്മാണം പൂർണമായും പൂർത്തിയായെങ്കിലും കോൺട്രാക്ടർ സ്വന്തം നിലയിൽ അധികമായി ചെലവഴിച്ച തുക മടക്കി നൽകിയിട്ടില്ല. അതിനാൽ കോൺട്രാക്ടർ താക്കോൽ കൈമാറാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.അധികമായി കോൺട്രാക്ടർ ചെലവഴിച്ച തുക അനുവദിച്ചു നല്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാലതാമസം നേരിടുന്നതാണ് പ്രധാന പ്രശ്നമെന്ന് ആശുപത്രി അധികൃതർ.

LEAVE A REPLY

Please enter your comment!
Please enter your name here