പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തിലെ കൊമ്പനാട് വാര്‍ഡില്‍ സണ്ണി പി.കെ. യുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആരംഭിക്കാന്‍ പോകുന്ന ക്വാറിയുടെ പരിസ്ഥിതിക അനുമതിക്ക് വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പൊതുജനങ്ങളുടെ ഹിയറിങ്ങില്‍ വേങ്ങൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് റിജു കുര്യന്‍ പരാതി നല്‍കി. ഈ പ്രദേശം മുന്‍ കാലങ്ങളില്‍ എസ്റ്റേറ്റ് ഭൂമി, പട്ടയഭൂമി, മിച്ചഭൂമി എന്നിവയില്‍ പെട്ടതാണോ എന്ന് റവന്യൂ ഡിപ്പാര്‍ട്‌മെന്റ് പരിശോധിച്ചു ഉറപ്പുവരുത്തുക, 200 മീറ്റര്‍ പരിധിക്കുള്ളില്‍ സീനയ് പാറ കുടിവെള്ള പദ്ധതിയുടെയും 400 മീറ്റര്‍ പരിധിക്കുള്ളില്‍ മുനിപ്പാറ കുടിവെള്ള പദ്ധതിയുടെയും ടാങ്കുകള്‍ ഉള്ളതിനാല്‍ വൈബ്രേഷന്‍ സ്റ്റഡി നടത്തുക, 45 ഡിഗ്രിക്ക് മുകളില്‍ ചെരിവുള്ള പ്രദേശം ആയതിനാല്‍ പ്രത്യേക ഗ്രാമസഭ വിളിച്ച് ഗ്രാമസഭ ആവശ്യപ്പെടുന്ന എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയെ വെച്ച് അന്വേഷിച്ച് അന്വേഷണ റിപ്പോര്‍ട്ട് വാങ്ങുക എന്നീ ആവശ്യങ്ങള്‍ പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നാഷ്ണല്‍ ഗ്രീന്‍ ട്രൈബൂണലിന്റെ ഉത്തരവ് പ്രകാരം പുതിയതായി ആരംഭിക്കുന്ന ക്വാറിയുടെ 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പഞ്ചായത്ത് റോഡ്, വീടുകള്‍, കനാലുകള്‍, എന്നിവ ഉണ്ടാകാന്‍ പാടില്ലാത്തതും 500 മീറ്റര്‍ ചുറ്റളവ് ഡെയിഞ്ചര്‍ സോണുമാണ്. പ്രദേശത്ത് പഞ്ചായത്ത് റോഡുകളും കുടിവെള്ള ടാങ്കുകളും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശമായതുകൊണ്ട് പരിസ്ഥിതിക അനുമതി ലഭ്യമാക്കരുതെന്നും പാരിസ്ഥിതിക അനുമതി നല്‍കിയാല്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ് റിജു കുര്യന്‍ അറിയിച്ചു.